Tuesday, October 6, 2009

സ്വതന്ത്രചിന്തയെന്ന വിളറിയ ഫലിതം

ദവികളുടെയും സ്ഥാനമാനങ്ങളുടെയും നഷ്ടബോധം സൃഷ്ടിക്കുന്ന നിരാശയുടെ കൂര്‍ത്തമുളളുകള്‍ ഒരു മനുഷ്യന്റെ തലച്ചോറിനെ കുത്തിക്കീറിയേക്കാം. അപ്പോള്‍ ചീറ്റിത്തെറിക്കുന്ന ജല്‍പനങ്ങളില്‍ ബുദ്ധിജീവിയുടെ സ്വതന്ത്രചിന്തയെ അടയാളപ്പെടുത്താനൊരുങ്ങുന്നത് വലിയൊരു മണ്ടത്തരമായിരിക്കും. സ്വതന്ത്രചിന്തയെന്നത് വ്യക്തിപരമായ നേട്ടങ്ങള്‍ക്കു മുന്നില്‍ സാധ്യതകളുടെ വാതിലടയുമ്പോഴുണ്ടാകുന്ന സങ്കടം പറച്ചിലുകളല്ലല്ലോ.

ഹാന്മാരുടെ ജീവിതത്തില്‍ നഷ്ടങ്ങളുടെ കുത്തൊഴുക്കുണ്ടാക്കിയ അപകടകരമായ തലച്ചോര്‍ സഞ്ചാരമാണ് സ്വതന്ത്രചിന്ത. അധികാരത്തെ വെല്ലുവിളിച്ചുകൊണ്ടാണ് അത് കുലംകുത്തിയൊഴുകുന്നത്. അധികാരസ്ഥാപനങ്ങളിലേയ്ക്കുളള സാധ്യതകള്‍ അടഞ്ഞു പോകുന്നത് സഹിക്കാനാവാതെ വരുമ്പോള്‍ ഉയരുന്ന നിലവിളികള്‍ സ്വതന്ത്രചിന്തയായി തെറ്റിദ്ധരിക്കപ്പെട്ടാല്‍ ഒരുപാട് മഹാന്മാരുടെ ഓര്‍മ്മകളോട് നാം സമാധാനം പറയേണ്ടി വരും. കഴുത്തും തലയും ജീവനും ജീവിതവും സ്വതന്ത്രചിന്തയുടെ വിലയായി അധികാരത്തിനു മുന്നില്‍ ഒടുക്കിയവരോട് ചെയ്യുന്ന കൊടിയ പാപമായിരിക്കും അത്. ജനപദത്തിനു മീതെ മേല്‍ അധികാരത്തിന്റെ കനത്തബൂട്ടുകള്‍ പതിയുമ്പോള്‍ നിശബ്ദനാകുന്ന ബുദ്ധിജീവി, തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളില്‍ പ്രകോപിതനാകുന്നുവെങ്കില്‍, അയാളെ സ്വതന്ത്രചിന്തകനായി ഒരിക്കലും പരിഗണിക്കാനാവില്ല.

സിയാന്‍ കരാര്‍ ഒപ്പിട്ട വാര്‍ത്ത പുറത്തുവന്നത് ആഗസ്റ്റ് 14നാണ്. കരാറിനെ സംബന്ധിച്ച് കേരളത്തിന്റെ ആവശ്യങ്ങള്‍ ഒന്നും തന്നെ അംഗീകരിക്കപ്പെട്ടില്ല. ആസിയാന്‍ കരാര്‍ കേരളത്തിന് പരിശോധിക്കാമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് (ആഗസ്റ്റ് 4) വെളളത്തിലായി. പോള്‍ എം ജോര്‍ജ് കൊല്ലപ്പെട്ടത് ആഗസ്റ്റ് 23 വെളുപ്പിനും. സുമുഖനും ധനാഢ്യനുമായ യുവവ്യവസായി അര്‍ദ്ധരാത്രി നടുറോഡില്‍ ക്രൂരമായി കൊല്ലപ്പെടുന്നതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവപരമ്പരകളെ എഴുതിപ്പൊലിപ്പിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവുക സ്വാഭാവികം. പൊലീസ്, ക്രിമിനലുകള്‍, രാഷ്ട്രീയ നേതൃത്വം എന്നിവയെ കോര്‍ത്തിണക്കി ചമയ്ക്കുന്ന കഥകള്‍ക്ക് പാരായണക്ഷമതയും വിശ്വാസ്യതയും ഉണ്ടാകും. ഈ അച്ചുതണ്ട് പത്രത്താളുകളിലെ വെറും കെട്ടുകഥയല്ലെന്ന് കണ്ണും കാതും തുറന്ന് ജീവിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. പത്രങ്ങളുടെ അമിതമായ സെന്‍സേഷണലിസം ഭരണകേന്ദ്രങ്ങളില്‍ നിന്ന് അസഹിഷ്ണുത ക്ഷണിച്ചു വരുത്തും. അവര്‍ തമ്മില്‍ ഉരസലുണ്ടാകും. സംവാദം വാഗ്വാദമായും വാഗ്വാദം ആക്രോശമായുമൊക്കെ മാറും. ഭരണാധികാരം അതിനിശിതമായ വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ പത്രലേഖകരുടെ തലമണ്ട പൊളിയുമെന്ന് റെജീന - കുഞ്ഞാലിക്കുട്ടി എപ്പിസോഡിലും നാം കണ്ടതാണ്. പോള്‍ എം ജോര്‍ജ് വധവുമായി ബന്ധപ്പെട്ടുണ്ടായ അധികാര - മാധ്യമ വാഗ്വാദം ഭാഗ്യവശാല്‍ കയ്യാങ്കളിയിലെത്തിയില്ല. പൊലീസ് ഭാഷ്യത്തിലെ പൊരുത്തക്കേടുകള്‍ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, മാധ്യമ വാര്‍ത്തകളിലെ പൊളളത്തരങ്ങള്‍ ഭരണ, രാഷ്ട്രീയ നേതൃത്വവും പ്രചരണ വിഷയമാക്കി. തങ്ങളുടെ ഭാഗം ന്യായീകരിക്കാന്‍ വേണ്ട വിഭവങ്ങള്‍ രണ്ടുഭാഗത്തും ആവോളമുണ്ടായിരുന്നു.

കരുന്ന ക്രമസമാധാനവും പൊലീസ് - ക്രിമിനല്‍ - രാഷ്ട്രീയ അച്ചുതണ്ടിന്റെ സ്വാധീനം സമൂഹത്തില്‍ ശക്തിപ്രാപിക്കുന്നതുമൊക്കെ ഒരു സ്വതന്ത്രചിന്തകനെ ഭയപ്പെടുത്തുന്ന കാരണങ്ങള്‍ തന്നെയാണ്. ഈ ബാന്ധവം പൗരന്റെ സ്വൈരജീവിതത്തിനു നേരെ ഉയര്‍ത്തുന്ന വെല്ലുവിളികളിലേയ്ക്ക് അയാളുടെ ചൂണ്ടുവിരലുകള്‍ എപ്പോഴും നീണ്ടിരിക്കണം. രക്തദാഹികളായ ക്രിമിനലുകള്‍ക്കും അവരെ സംരക്ഷിക്കുന്ന പൊലീസ്, രാഷ്ട്രീയ സഖ്യത്തിനും നേരെ ഉയരുന്ന സ്വതന്ത്രചിന്തകന്റെ മുന്നറിയിപ്പുകള്‍ക്ക് വലിയ വില കൊടുക്കേണ്ടി വന്നേക്കാം. വീടിന്റെ ജനാല ലക്ഷ്യമാക്കി പായുന്ന കരിങ്കല്‍ ചീളോ, അയാളുടെ തന്നെ കഴുത്തിനു നേരെ പായുന്ന ഒരു വടിവാളോ പ്രതികരണമായേക്കാം. സ്വതന്ത്രചിന്തയുടെ രക്തം ചിന്താന്‍ ക്വട്ടേഷന്‍ സംഘനങ്ങള്‍ക്ക് അധികനേരമൊന്നും വേണ്ട.

സിയാന്‍ കരാറിന്റെ പ്രാധാന്യം ഇവിടെയാണ്. ഉദാരീകരണം, ആഗോളീകരണം എന്നീ ചെല്ലപ്പേരുകള്‍ ഫെഡറലിസത്തെ വിഴുങ്ങിത്തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. വിദര്‍ഭ മുതല്‍ വയനാട് വരെയുളള സ്ഥലനാമങ്ങള്‍ കര്‍ഷക ആത്മഹത്യയുടെ പര്യായങ്ങളായത് എങ്ങനെയെന്ന് സ്വതന്ത്രചിന്തയ്ക്ക് അറിയാതിരിക്കാന്‍ വഴിയില്ല. ഇരുട്ടിന്റെ മറയെന്നോ പകലിന്റെ തീക്ഷ്ണതയെന്നോ വ്യത്യാസമില്ലാതെ ഇരയുടെ കഴുത്തറുക്കാന്‍ പാഞ്ഞടുക്കുന്ന ക്വട്ടേഷന്‍ സംഘവും രാജ്യാധികാരത്തിന്റെ ഹുങ്കില്‍ രൂപപ്പെടുന്ന കോര്‍പ്പറേറ്റ് - രാഷ്ട്രീയ - ബ്യൂറോക്രസി അച്ചുതണ്ടും പൗരനില്‍ സൃഷ്ടിക്കുന്ന നടുക്കം ഏതാണ്ട് ഒന്നു തന്നെയാണ്. നാം നേരിട്ട് അനുഭവിക്കുന്ന ക്വട്ടേഷന്‍ സംഘം ലക്ഷ്യം വെയ്ക്കുന്ന ഇരകളുടെ എണ്ണം പരിമിതമാണ്. രണ്ടാമത് പറഞ്ഞ ക്വട്ടേഷന്‍ സംഘത്തിന്റെ താല്‍പര്യങ്ങളില്‍ കുരുതികൊടുക്കപ്പെടുന്നത് കര്‍ഷകരെന്നും തൊഴിലാളികളെന്നും പാവപ്പെട്ടവരെന്നുമൊക്കെ വിളിക്കപ്പെടുന്ന വലിയ ജനവിഭാഗങ്ങളാണ്.

പശ്ചാത്തലത്തിലാണ് സ്വതന്ത്രചിന്തകന്റെ ആത്മരോഷത്തെ വിലയിരുത്തേണ്ടത്. കേരളത്തിലെ കര്‍ഷകന്റെ അവശേഷിക്കുന്ന സമ്പത്തും കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കാനുളള ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യവും ഒരു സ്വതന്ത്രചിന്തകനില്‍ ആത്മരോഷം ജ്വലിപ്പിക്കണം. വിദേശകരാറുകളില്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടി വ്യവസ്ഥകളെഴുതിച്ചേര്‍ക്കുമ്പോള്‍ പാര്‍ലമെന്റും ജനാധിപത്യവുമൊക്കെ മിഴിച്ചു നില്‍ക്കുന്നു. ദില്ലിയിലെ വിവിധ മന്ത്രാലയങ്ങളിലെ ഉന്നതഉദ്യോഗസ്ഥരുടെ വിരുന്നു മേശകളില്‍ രൂപപ്പെടുന്ന വ്യവസ്ഥകള്‍ക്ക് അനുസൃതമായി വിദര്‍ഭ മുതല്‍ വയനാടു വരെയുളള ഭൂഭാഗങ്ങളിലെ കര്‍ഷകര്‍ തങ്ങളുടെ ജീവിതം പൊളിച്ചെഴുതേണ്ടി വരുന്നു. ആരൊക്കെയോ എവിടെയൊക്കെയോ ഇരുന്ന് നടത്തുന്ന ചര്‍ച്ചകള്‍ കുരുമുളകിന്റെയും മത്തിയുടെയും നാളികേരത്തിന്റെയും വിലയും കവര്‍ന്ന് അവസാനിക്കുമ്പോള്‍ ചൂണ്ടുവിരലിലെ മഷിയടയാളം ഒരു വിളറിയ ഫലിതമായി അവനെ കൊഞ്ഞനം കുത്തും. എല്ലാ സംഘടിത സമരരൂപങ്ങളെയും അപഹസിച്ച് ഒരു ന്യൂനപക്ഷം ഏറ്റവും ക്രൂരമായി ജനജീവിതത്തിന്റെ അജണ്ട നിശ്ചയിക്കുമ്പോള്‍ ബുദ്ധിജീവിയുടെ സ്വതന്ത്രചിന്തയ്ക്ക് ചാരുകസേരയില്‍ അലസമായി ചായാനാവില്ല.

തുകൊണ്ട് നമുക്ക് സ്വതന്ത്രചിന്തകനിലേയ്ക്ക് മടങ്ങിവരാം. ആസിയാന്‍ കരാറിനെതിരെ ഉയരാത്ത രോഷം പാര്‍ട്ടി പത്രത്തിലെ ലേഖനത്തിനു നേരെ ഉയരുമ്പോള്‍ സ്വതന്ത്ര ചിന്തയും ഒരു ഫലിതമാകുന്നതെങ്ങനെയെന്ന് നാം അറിയുന്നു. പാര്‍ട്ടി സെക്രട്ടറിയെന്ന അധികാരകേന്ദ്രത്തെ ഉപജാപക വൃന്ദം രാഹുവും കേതുവുമായി വിഴുങ്ങാനിടയുണ്ടെന്ന് ചരിത്രം ചൂണ്ടിക്കാട്ടി ബുദ്ധിജീവി ഓര്‍മ്മിപ്പിക്കുന്നു. സാധ്യതകളെ നമുക്കും തളളിക്കളയാനാവില്ല. പക്ഷേ, പാര്‍ട്ടിയുടെ അധികാരത്തെക്കാള്‍ വലുതാണ് ഭരണാധികാരം. അപ്പോള്‍ മുഖ്യമന്ത്രി മുതല്‍ പ്രധാനമന്ത്രി വരെയുളള അധികാരകേന്ദ്രങ്ങളും ഉപജാപകവൃന്ദത്തിന്റെ ഭീഷണിയില്‍ നിന്ന് മുക്തമല്ല. അവിടേയ്ക്ക് നീളാത്ത സ്വതന്ത്രചിന്തയുടെ ചൂണ്ടുവിരല്‍ പാര്‍ട്ടി സെക്രട്ടറിയുടെ നേരെ നീളുന്നതും പാര്‍ട്ടി സെക്രട്ടറിയെ ഭരിക്കുന്ന ഉപജാപകരുടെ പട്ടികയില്‍ മാധ്യമപ്രവര്‍ത്തകര്‍ തന്നെ ഇടം പിടിക്കുന്നതും സ്വതന്ത്രചിന്തയെ വീണ്ടും ഫലിതബിന്ദുവിന്റെ നിലവാരത്തിലേയ്ക്ക് താഴ്ത്തിക്കെട്ടുന്നു.

ഞാനെന്ന കുറ്റിയില്‍ കിടന്ന് കറങ്ങുന്ന സ്വതന്ത്രചിന്തയും ജനജീവിതത്തിന്റെ ആകുലതകളിലേയ്ക്ക് നീളുന്ന സ്വതന്ത്രചിന്തയും രണ്ടാണെന്ന് അവിടെ വെച്ചാണ് നിര്‍വചിക്കപ്പെടുന്നത്. നഷ്ടപ്പെട്ട സ്ഥാനമാനങ്ങളെക്കുറിച്ചുളള നിരാശയല്ല, മറിച്ച് പൊള്ളുന്ന ജീവിതത്തിന്റെ നേരുകളെക്കുറിച്ചുളള ഉത്കണ്ഠയില്‍ നിന്നാണ് സ്വതന്ത്രചിന്തയുടെ വേരുകള്‍ പടരേണ്ടത്. ഒരു വിവാദത്തിന്റെ മറപറ്റി പുറത്തു ചാടുന്ന നിരാശയ്ക്ക് രണ്ടു ദിവസത്തെ വാര്‍ത്താ പ്രാധാന്യമേ കിട്ടൂ. നിലപാടുകളുടെ തിളക്കമുളള സ്വതന്ത്രചിന്ത പിറക്കാന്‍ പലരുടെയും തലച്ചോറ് ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നുവെന്ന് മാത്രം നമുക്കു മനസിലാക്കാം.

2 comments:

  1. പ്രസക്തമായ നിരീക്ഷണങ്ങളാണെന്നതില്‍ സംശയമില്ല. എങ്കിലും സബ്‌ജക്റ്റ് ഫോക്കസ്സ് ഇടക്കിടക്ക് കൈവിടുന്നപോലെയൊരു തോന്നല്‍.
    അഭിവാദ്യങ്ങളോടെ

    ReplyDelete
  2. ഇനിയും എഴുതുക.."സ്വതന്ത്ര ചിന്ത" എന്നൊന്ന് ഉണ്ടോ?

    ജനപദത്തിനു "മീതെ മേല്‍ " എന്നതില്‍ ഏതെങ്കിലും ഒന്നു പോരെ? :)

    ReplyDelete